ഗുരുവായൂർ: ജനപ്രതിനിധിയുടെ പ്രാഥമിക കടമ എന്താണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പഠിക്കണമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. ചേർപ്പിൽ ബിജെപി കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയിൽ നിവേദനം നൽകിയ ഒരു സാധു മനുഷ്യനോട് അതൊന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ കവർ തിരിച്ചു നൽകുകയും ഇതൊന്നും എംപിയുടെ ജോലിയേ അല്ലെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപിയുടെ സമീപനം പ്രതിഷേധാർഹമാണ്.നിവേദനം വായിച്ചു നോക്കിയാൽ എന്താണ് വിഷയമെന്ന് അറിയാം. തന്റെ വകുപ്പിന് കീഴിലല്ലാത്ത വകുപ്പുകളിലേക്കും കേന്ദ്ര മന്ത്രിക്ക് ഇത് അയച്ചു കൊടുക്കുകയും ചെയ്യാം. സംസ്ഥാന സർക്കാരിന്റെ ഡിപ്പാർട്ടുമെന്റുകളിലേക്കും എം.പി എന്ന നിലയിൽ നിവേദനത്തിന് കവറിങ് ലെറ്റർ അടക്കം ചെയ്ത് അയച്ചു കൊടുക്കാം. ഇതൊന്നും ചെയ്യാതെ എംപിയുടെ പണിയല്ല ഇതെന്ന് ഒരു ജനപ്രതിനിധി പറയുന്നത് മിതമായ ഭാഷയിൽ മര്യാദകേടും വിവരക്കേടുമാണ്. ‘തന്റെ പണിയല്ല ഇതെന്ന് എം.പി പ്രഖ്യാപിച്ചപ്പോൾ നിവേദനം നൽകാൻ എത്തിയ മറ്റൊരു മനുഷ്യൻ തന്റെ കയ്യിലുള്ള കവർ ഒളിപ്പിക്കുന്ന നിസഹായതയും വീഡിയോവിൽ കാണാനായെന്നും കെ.വി അബ്ദുൽ ഖാദർ പറഞ്ഞു. കൊട്ടിഘോഷിച്ച് ഇങ്ങിനെ ഒരു പരിപാടി നടത്തിയത് എന്തിനെന്ന് ബി.ജെ.പിയും വ്യക്തമാക്കണം. തൃശൂരിലെ ജനങ്ങളെ അവഹേളിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ ചോദ്യം ചെയ്യപ്പെടണമെന്നും കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.