ഗുരുവായൂർ: 2025 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14ന് വൈകുന്നേരം 5 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ് കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ പുരസ്കാരം നൽകും. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പ്രശസ്‌ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഡോ. ടി.കെ നാരായണൻ എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് പെരിങ്ങോട് ചന്ദ്രനെ പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത്. തുടർന്ന് ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ച് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ്.ബി.നായർ, കെ.എസ്. ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.