ഗുരുവായൂർ: ‘ഗ്രാമം തണലൊരുക്കട്ടെ, ബാല്ല്യം സഫലമാകട്ടെ’ എന്ന സന്ദേശമുയര്‍ത്തി ഗുരുവായൂരിൽ മഹാഗോപൂജ. ഗുരുവായൂര്‍ എ.യു.പി.സ്‌ക്കൂള്‍ പരിസരത്തുനിന്ന് ഗോപൂജയില്‍ പങ്കെടുക്കുന്ന ഗോക്കളെ കൃഷ്ണ വേഷങ്ങളുടേയും വാദ്യ ഘോഷങ്ങളുടേയും അകമ്പടിയോടെ ആനയിച്ച് ക്ഷേത്രം പ്രദക്ഷിണം വെച്ച് വടക്കേ നടയില്‍ എത്തിചേർന്നു. തുടർന്ന് ക്ഷേത്രം വടക്കേ നടയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍
ഗോപൂജ നടന്നു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി, കീഴേടം രാമന്‍ നമ്പൂതിരി, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിമാരായ പുതുമന ശ്രീജിത് നമ്പൂതിരി, കിരണ്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ
സ്വാഗത സംഘം ചെയര്‍മാന്‍ പി.എസ്. പ്രേമാനന്ദന്‍, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, മൗനയോഗി സ്വാമി ഹരിനാരായണന്‍, സ്വാമി ചിന്മയാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുത്തു. ബാലഗോകുലം ജില്ല അദ്ധ്യക്ഷന്‍ പി.എസ്. നാരായണന്‍, ഭാരവാഹികളായ കെ.എം. പ്രകാശന്‍, എം.എസ് രാജൻ, ടി.കെ ബാലന്‍, മാധവ പ്രസാദ് എന്നിവര്‍ നേതൃത്വം നൽകി.