ഗുരുവായൂർ: ആഗസ്റ്റ് 29ന് ഗുരുവായൂർ നഗരസഭയെ അതിദാരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ‘എൻ.കെ. അക്ബർ എംഎൽഎ പ്രഖ്യാപനം നടത്തും. അതിദരിദ്രരില്ലാത്ത കേരളം എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ സർവ്വേനടത്തിയാണ് അധിദാരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപനം നടത്തുന്നത്. സ്വയം തൊഴിൽ ആവശ്യമായവർക്ക് പിന്തുണയും ഭവനരഹിതർക്ക് താമസ സൗകര്യവും ഉറപ്പാക്കി. റേഷൻ കാർഡ് ,ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ ഇല്ലാത്തവർക്ക് അത് എടുത്ത് നൽകിയതായും ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു. ജലമാണ് ജീവൻ, ജലസംരക്ഷണം പ്രകൃതി സംരക്ഷണം എന്നതിനെ പ്രാധാന്യം നൽകിക്കൊണ്ട് നവീകരിച്ച 3 കുളങ്ങളുടെ സമർപ്പണവും നടക്കുമെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭയിൽ നാശോന്മുഖമായി കിടന്നിരുന്ന നിരവധി കുളങ്ങൾ നവീകരിക്കാൻ 8 കോടിയോളം രൂപയുടെ പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയത്. 3 കോടി 41 ലക്ഷം രൂപ ചിലവഴിച്ച് നെന്മിനി -മിച്ചഭൂമികുളം, കോട്ടപ്പടിച്ചിറ, 2കോടി 38 ലക്ഷം രൂപ ചിലവഴിച്ച് ഞാറം കുളം എന്നീ കുളങ്ങളും നവീകരിച്ച് സമർപ്പിക്കും. നേരത്തെ നാലു കുളങ്ങൾ നവീകരണം നടത്തി നഗരസഭ സമർപ്പിച്ചിരുന്നു. 47 ലക്ഷം രൂപ ചെലവഴിച്ച് കാജാ കുളം, 25 ലക്ഷം രൂപ വീതം ചോലയിൽ കുളം, ചോലയിൽ സൂര്യൻ കുളം, 30 ലക്ഷം രൂപ ഉപയോഗിച്ച് ചെമ്പ്രം തോട് നവീകരിക്കുന്നതിനും പദ്ധതി തയ്യാറാക്കി കഴിഞ്ഞു. സെപ്റ്റംബർ രണ്ട് ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചിന് നെന്മിനി മിച്ച ഭൂമി കുളം, ബുധനാഴ്ച വൈകിട്ട് 5ന് കോട്ടപ്പടി ചിറ, 22ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഞാറംകുളം എന്നിവയും നാടിന് സമർപ്പിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷ നോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.സായിനാഥൻ, എ.എസ് മനോജ്, എ.എം ഷഫീർ, ഷൈലജ സുധൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.