ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം വഴി നടപ്പിലാക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ മുൻസിപ്പൽ തല വിളവെടുപ്പ് ഉത്സവം ആഘോഷമായി. നഗരസഭ ഒമ്പതാം വാർഡിലെ കർഷക സുജാത സുകുമാരന്റെ വസതിയിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, കൗൺസിലർമാരായ സുബിത സുധീർ, ബിബിത മോഹൻ, പൂക്കോട് കൃഷി ഓഫീസർ പി രഞ്ജിത്ത്, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ അബി എന്നിവർ സംസാരിച്ചു. അഡീഷണൽ കൃഷി ഓഫീസർ ശശീന്ദ്ര പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷഫീര്‍ സ്വാഗതവും തൈക്കാട് കൃഷി ഓഫീസർ വി.സി റെജീന നന്ദിയും പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലവും ചെണ്ട് മല്ലി കൃഷി ചെയ്ത് വിപണിയിലേക്ക് എത്തിക്കുക വഴി പൂക്കളുടെ ആധിപത്യം ഇല്ലാതാക്കുന്നതിനും സ്വന്തമായി ഒരു ബദൽ അവതരിപ്പിക്കാനും നഗരസഭയ്ക്ക് ഈ പദ്ധതി വഴി കഴിഞ്ഞു. വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തി 25 ക്ലസ്റ്ററുകളിലായി 25000 ചെണ്ടുമല്ലി തൈകളാണ് കൃഷിഭവൻ വഴി വിതരണം നടത്തിയത്. സിഡിഎസ് ചെയർപേഴ്സൺമാർ, അയൽക്കൂട്ടം അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളായി.