ചാവക്കാട്: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവും പിഴയും ശിക്ഷ. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ജെറീഷിനെ(39) യാണ് ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി ഏഴുവർഷം കഠിന തടവിനും 5000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. കുന്നംകുളം പോർക്കുളത്ത് താമസിക്കുന്ന മേക്കാട്ടുകുളം വീട്ടിൽ ബിനോയിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. 2019 ഒക്ടോബർ ഒന്നാം തീയതി പുലർച്ചെ മൂന്നു മണിക്കാണ് കേസിനാസ്പദമായ സംഭവം. ബിനോയ് തൻ്റെ വീടിന് മുന്നിൽ നിന്ന് പള്ളിപ്പെരുന്നാൾ കണ്ട് നിൽക്കുമ്പോൾ ഒന്നാംപ്രതി ജെറീഷും മറ്റു പ്രതികളായ കുന്നംകുളം മേലങ്ങാടി കൊള്ളന്നൂർ വീട്ടിൽ സ്റ്റിൻസൺ എന്ന ഡാഡു (30), കുന്നംകുളം കക്കാട് കാക്കശ്ശേരി വീട്ടിൽ ബെൻലി സെബാസ്റ്റ്യൻ (32) എന്നിവർ ബൈക്കിൽ ഇരുമ്പ് പൈപ്പുകളുമായി വന്ന് ബിനോയിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബിനോയിയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിവന്നതോടെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബിനോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പിന്നീട് മറ്റു പല അസുഖങ്ങളും മൂലം വിചാരണയ്ക്ക് മുമ്പേ ബിനോയ് മരണപ്പെട്ടിരുന്നു. സംഭവം കണ്ടുനിന്ന ഏക ദൃക്സാക്ഷിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് കോടതിയുടെ ശിക്ഷ. ശിക്ഷിക്കപ്പെട്ട ജെറിഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞു വരുന്നയാളും കുന്നംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി. കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വി.എസ് സന്തോഷ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു മറ്റു പ്രതികൾ ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രജിത്കുമാർ ഹാജരായി. അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി.ജെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.