ഗുരുവായൂർ: മേള പ്രമാണി ചൊവ്വല്ലൂര്‍ മോഹന വാര്യര്‍ക്ക് ഗുരുവായൂരിന്റെ സമാദരണം. വീരശൃഖല സമര്‍പ്പണവും നടന്നു. ഗുരുവായൂർ ടൗൺഹാളിൽ ചൊവ്വല്ലൂര്‍ മോഹന വാര്യരുടെ ഷഷ്ടി പൂര്‍ത്തിയോടനുബന്ധിച്ച് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. രാവിലെ എട്ടരയ്ക്ക് പനമണ്ണ ശശി, ഗുരുവായൂര്‍ ശശി മാരാര്‍,സദനം ഭരതരാജന്‍,ചെര്‍പ്പുളശ്ശേരി ഹരിഹരന്‍ എന്നിവരുടെ കേളിക്കൊട്ടോടെ വേദിയുണർന്നു. ഒമ്പതരയ്ക്ക് കോട്ടയ്ക്കല്‍ നാരായണനും കോട്ടയ്ക്കല്‍ മധുവും നയിച്ച കഥകളിപ്പദ കച്ചേരി അരങ്ങേറി. 11 ന് ഗുരുവന്ദന സദസ്സ് ചൊവ്വല്ലൂര്‍ തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി,ഡോ.പി.എം.വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ചടങ്ങില്‍ കല്ലൂര്‍ രാമന്‍ക്കുട്ടി മാരാരുള്‍പ്പെടെയുള്ള കേരളത്തിലെ മുതിര്‍ന്ന വാദ്യപ്രതിഭകളെ ആദരിച്ചു.
ഉച്ചയ്ക്ക് കൈക്കൊട്ടിക്കളി,കോല്‍ക്കളി, കൊമ്പ് പറ്റ്, ‘രാഗം താനം പല്ലവി’ തവില്‍ തനിയാവര്‍ത്തനം തുടങ്ങിയവ ഉണ്ടായി. വൈകീട്ട് മഞ്ജുളാലില്‍ നിന്ന് ഘോഷയാത്രയും തുടര്‍ന്ന് നടന്ന സമാദരണ പൊതുസമ്മേളനത്തിൽ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മോഹന വാര്യർക്ക് വീരശൃംഖല ചാർത്തി. മേള പ്രമാണിമാരായ മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടിയും പെരുവനം കുട്ടന്‍മാരാരും ചേര്‍ന്ന് ഉപഹാരവും കല്ലൂര്‍ രാമന്‍ക്കുട്ടിയും കിഴക്കൂട്ട് അനിയന്‍മാരാരും കീര്‍ത്തിപ്പത്രവും കീര്‍ത്തി ശംഖും സമര്‍പ്പിച്ചു. ജയരാജ് വാര്യർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, ജി.കെ പ്രകാശന്‍, എന്‍ പ്രഭാകരന്‍ നായര്‍, ചൊവ്വല്ലൂര്‍ ഉണ്ണികൃഷ്ണന്‍,സി.ചന്ദ്രശേഖര വാര്യര്‍, വി.പി ഉണ്ണികൃഷ്ണൻ, ബാലൻ വാറണാട്ട്, സതീശൻ വാര്യർ എന്നിവർ സംസാരിച്ചു. തുടർന്ന് മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്,മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ത്രിബിള്‍ തായമ്പക അരങ്ങേറി.