തൃശൂർ: സംഘടിതമായ വോട്ട് കളവിന് നേതൃത്വം നൽകിയ സുരേഷ് ഗോപി എം.പി സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം.പിയുമായ ടി.എൻ പ്രതാപൻ. സുരേഷ് ഗോപിയുടെതും ബന്ധുക്കളുടെതുമടക്കം 11 വ്യാജ വോട്ടുകൾ തൃശ്ശൂരിൽ ചേർത്തെന്ന പരാതിയിൽ തൃശ്ശൂർ സിറ്റി എ.സി.പിക്ക് മൊഴി നൽകിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടെ സഹോദരന് രണ്ട് വോട്ടർ ഐ.ഡിയുണ്ട്. സുരേഷ് ഗോപി താമസം സംബന്ധിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനകൾ അവാസ്തവവും സത്യവിരുദ്ധവുമാണ്. സുരേഷ് ഗോപി തൃശ്ശൂർ സ്ഥിരതാമസമാണെങ്കിൽ തിരുവനന്തപുരം ശാസ്തമംഗലത്തെ വോട്ടർ പട്ടികയിൽ എങ്ങനെ വരുമെന്നും തന്റെ സഹോദരന്റെ മകൾക്ക് ഇരട്ട വോട്ടുണ്ടെന്ന് ആരോപണത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും പ്രതാപൻ പറഞ്ഞു. ഞങ്ങൾ വാനരന്മാർ ആണെങ്കിൽ നെഞ്ച് തുറന്നാൽ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും കാണാമെന്നും ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു.