കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 37 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ബീച്ച് തറയിൽ വീട്ടിൽ ബിനീഷി(34)നെയാണ് കുന്നംകുളം പോക്സോ കോടതി സ്പെഷ്യൽ ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശിക്ഷ വിധിച്ചത്. പിഴ സഖ്യയിൽ 50,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി വിധിച്ചു. 2017 വർഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തൻ്റെ ഭാര്യയും മക്കളെയും ഉപേക്ഷിച്ച് വിവാഹം ചെയ്യാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി അതിജീവിതയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇന്ദിര അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. വാടാനപ്പള്ളി എസ്.ഐ ആയിരുന്ന ഡി ശ്രീജിത്ത് രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ആർ സന്തോഷാണ് അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെ.എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി ഗ്രേഡ് സീനിയർ സി.പി.ഒ മിനി മോൾ പ്രവർത്തിച്ചു.