തൃശൂർ: പോർച്ചുഗലിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 2,80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ നടുവിൽപറമ്പിൽ വീട്ടിൽ ജിത്തു ആൻറണിയേയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ പറപ്പൂക്കര സ്വദേശിയായ യുവാവിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. എറണാകുളം വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനത്തിൻറെ ഉടമയായ പ്രതി ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം വാങ്ങിയത്. എന്നാൽ ജോലി ശരിയാക്കി നൽകാതിരിക്കുകയും വാങ്ങിയ പണം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്തതോടെ താട്ടിപ്പിനിരയായ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ, എറണാംകുളം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനൊന്ന് തട്ടിപ്പ് കേസുകളിൽ ജിത്തു ആൻറണി പ്രതിയാണെന്ന് പോലീസ് പറഞ്ഞു.