പത്തനംതിട്ട: കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ (35) ആണ് മരിച്ചത്. കൊലപാതകശേഷം ഒളിവിൽ പോയ ഭർത്താവ് ജയകുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും ജയകുമാറിന്റെ ആക്രമണത്തിൽ പരുക്കേറ്റു.
ശാരിയെ സംശയമായിരുന്ന ജയകുമാർ, നിരന്തരം വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിനെ തുടർന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാൽ ഇയാളെ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്.
ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തർക്കം വീണ്ടും വഷളാകുകയും ജയകുമാർ, ശാരിയെയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയുമായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ശാരി മരിച്ചു. ജയകുമാറിനും ശാരിക്കും 3 മക്കളുണ്ട്.