കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ നവാസിനെ കണ്ടെത്തിയത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ചോറ്റാനിക്കരയില്‍ ഹോട്ടല്‍മുറിയെടുത്തത്.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പില്‍ വീട്ടില്‍ പോയി വരാമെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടല്‍ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ നവാസിനെ തിരക്കി. മുറി തുറന്നപ്പോള്‍ വാതിലിനോട് ചേര്‍ന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.