പുന്നയൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ദശാബ്ദങ്ങളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായി പട്ടയം വിതരണം. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിൽ നടന്ന ഗുരുവായൂര്‍ നിയോജക മണ്ഡല തല പട്ടയമേള മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ അക്ബര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് സന്നിഹിതനായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പുറംപോക്ക് പട്ടയങ്ങള്‍ 60, ദേവസ്വം പട്ടയങ്ങള്‍ 20, ലാന്‍റ് ടെബ്രൂണല്‍ പട്ടയങ്ങള്‍ 65 എന്നിങ്ങനെയായി 145 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അകലാട് മൂന്നൈനി പ്രദേശത്തെ ജനങ്ങളുടെയും എടക്കഴിയൂര്‍ ഫിഷറീസ് കോളനിയിലെ ജനങ്ങളുടെയും ദശാബ്ദങ്ങളായുള്ള പട്ടയപ്രശ്നത്തിനും ഇതോടെ പരിഹാരമായി. മന്ദലാംകുന്ന് മഹല്ലിന് ലഭിച്ച പട്ടയം മന്ദലാംകുന്ന് ജുമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് ഏറ്റുവാങ്ങി. പട്ടയമേളയില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി സുരേന്ദ്രന്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴസ്ണ്‍ ഷീജപ്രശാന്ത്, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേഷ്, പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ടി ശിവദാസന്‍, സി.വി ശ്രീനിവാസന്‍, പി.കെ സെയ്താലിക്കുട്ടി, ടി.പി ഷാഹു, തഹസില്‍ദാര്‍ കിഷോര്‍കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പട്ടയമേളയില്‍ പങ്കെടുത്തു.