ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. ചാവക്കാട് തെക്കഞ്ചേരി പെരിങ്ങാടൻ വീട്ടിൽ അജിത്തി(26)നെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 5 വർഷം കഠിനതടവിനും 10000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കഠിനതടവ് അനുഭവിക്കണം. ഈ കേസിലെ ഒന്നാംപ്രതി തെക്കഞ്ചേരി വലിയകത്ത് വീട്ടിൽ ജബ്ബാർ, മൂന്നാം പ്രതി ഒരുമനയൂർ ഒറ്റതെങ്ങ് രായംവീട്ടിൽ ഷനൂപ് എന്നിവരെ കഴിഞ്ഞവർഷം കോടതി വിവിധ വകുപ്പുകളിലായി 5 വർഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കഠിനതടവിനും കഴിഞ്ഞവർഷം ശിക്ഷിച്ചിരുന്നു. എന്നാൽ രണ്ടാംപ്രതിയായ അജിത് വിചാരണയ്ക്കിടയിൽ ഒളിവിൽ പോവുകയായിരുന്നു. ഒരുമനയൂരിൽ തെക്കുംതല വീട്ടിൽ സുമേഷി(39)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2019 നവംബർ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിൽ വച്ച് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ സുമേഷിന്റെ തെക്കൻ ചേരിയിലുള്ള ഭാര്യ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം സുമേഷിൻ്റെ വയറിൽ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. എന്നാൽ ഇടതു കൈകൊണ്ട് തടഞ്ഞതിൽ ഇടതു കൈക്ക് സാരമായി പരിക്കേറ്റു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയത്തോടെ പ്രതികൾ കൊലവിളി നടത്തി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ സുമേഷിനെ ബന്ധുക്കൾ ചികിത്സക്കായി ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമല ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.പി ആനന്ദാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ചാവക്കാട് സബ് ഇൻസ്പെക്ടർ ആയിരുന്ന യു.കെ ഷാജഹാൻ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 രേഖകൾ ഹാജരാക്കി 11 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് വിധി പ്രസ്താവിച്ചത്. സുമേഷിന്റെ ഭാര്യയുടെ മൊഴിയും വിധിയിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത് കുമാർ ഹാജരായി കോർട്ട് ലൈസൻ ഓഫീസറായ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പി.ജെ സാജനും പ്രോസിക്യൂഷന് സഹായിച്ചു.