Wednesday, July 30, 2025

ഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക്

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക്ക് മിനി ട്രക്ക്. പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലാൻഡിൻ്റെ സ്വിച്ച് മൊബിലിറ്റി ട്രക്കാണ് ഇന്ന് രാവിലെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. യു.എ.ഇ, ഖത്തർ ഉൾപ്പെടെയുള്ളഗൾഫ് നാടുകളിലും ഇൻഡ്യയിലും പ്രശസ്തമായ കണ്ടാസ് ഗ്രൂപ്പാണ് മിനിട്രക്ക് സമർപ്പണം നടത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജ നടത്തിയ ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. കണ്ടാസ് ഗ്രൂപ്പ് എം.ഡി അരുണും കുടുംബവും ചേർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന് വാഹനത്തിൻ്റെ താക്കോലും രേഖകളും നൽകി. ദേവസ്വം ഭരണസമിതി അംഗം സി .മനോജിൻ്റെ സാന്നിധ്യത്തിൽ ചെയർമാൻ വാഹനത്തിൻ്റെ താക്കോലും രേഖകളും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാറിന് കൈമാറി. വാഹനം സമർപ്പിച്ച അരുണിനും കുടുംബത്തിനും  കളഭവും തിരുമുടിമാലയും കദളിപഴവും പഞ്ചസാരയും പായസവും അടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദ കിറ്റ് ചെയർമാൻ ഡോ.വി.കെ വിജയൻ സമ്മാനിച്ചു. ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്.മായാദേവി, പ്രമോദ് കളരിക്കൽ, മാനേജർ വി.സി സുനിൽ കുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. കാവീട് ഗോശാലയിൽ നിന്നും ക്ഷേത്രാവശ്യങ്ങൾക്കുള്ള പാൽ കൊണ്ടുവരുന്നതിന് ഈ ഇലക്ട്രിക് വാഹനം ഉപയോഗിക്കും. ഒറ്റ ചാർജിൽ 130 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്നതാണ്  ഇ സ്വിച്ച് മൊബിലിറ്റി ട്രക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments