ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികളുടെ നോട്ടിഫിക്കേഷന്‍ തയ്യാറായതായി എന്‍.കെ അക്ബര്‍ എം.എല്‍.എ. ടൂറിസം വകുപ്പ് 30 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഗുരുവായൂര്‍ അതിഥിമന്ദിരത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ അവസാനത്തില്‍ നടത്തുമെന്നും എം.എൽ.എ അറിയിച്ചു. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയി ചേര്‍ന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. തീരദേശഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ മണ്ഡലത്തിലെ മുഴുവന്‍ വില്ലേജുകളിലും 11(1) നോട്ടിഫിക്കേഷന് തയ്യാറായതായി സ്പെഷല്‍ തഹസില്‍ദാര്‍ (കിഫ്ബി) യോഗത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ഡിസൈന്‍ അംഗീകരിച്ചതായും ചാവക്കാട് കോടതി സമുച്ചയത്തിലെ കുളം നവീകരണം അവസാനഘട്ടത്തിലാണെന്നും കോടതിയിലേക്കുള്ള ഫര്‍ണ്ണീച്ചര്‍ വാങ്ങുന്ന നടപടികള്‍ നടന്നുവരുന്നതായും പൊതുമരാമത്ത് അസി.എഞ്ചിനീയര്‍മാര്‍ അറിയിച്ചു. കോട്ടക്കടപ്പുറം സ്ക്കൂളിലെ 1 കോടി രൂപയുടെ കെട്ടിടനിര്‍മ്മാണം, അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂളിലെ 1 കോടി രൂപയുടെ ഒന്നാംനില എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസത്തില്‍ നടത്താന്‍ തീരുമാനമായി. കൊച്ചന്നൂര്‍ സക്കൂളിലെ 1.3 കോടി രൂപയുടെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തി ഈ മാസം തന്നെ പൂര്‍ത്തീകരിക്കാന്‍ കെട്ടിടനിര്‍മ്മാണം എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡിന്‍റെ ടാറിംഗ് വൈകുന്നതില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു. മഴയുടെ ഇടവേള നോക്കി അടിയന്തിരമായി ടാറിംഗ് പ്രവര്‍ത്തി നടത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. വെസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരിക്കുന്നതിനുള്ള തുക അടിയന്തിരമായി പി.ഡബ്ലിയു.ഡിക്ക് കൈമാറുന്നതിന് വാട്ടര്‍ അതോറിറ്റിയോട് എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന സ്ലൂയിസുകളായ മീന്‍കടവ് സ്ലൂയിസിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും അണ്ടാരത്തോട്, മണപ്പാട് സ്ലൂയിസുകളുടെയും പാലംകടവ് പാലത്തിന്‍റെയും നിര്‍മ്മാണ നടപടികള്‍ നടന്നുവരുന്നതായും ഇറിഗേഷന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. ചേറ്റുവ രാമുകാര്യാട്ട് സ്മാരകം, കുരഞ്ഞിയൂര്‍ സ്ക്കൂള്‍, ഇരട്ടപ്പുഴ സക്കൂള്‍, ചാവക്കാട് താലൂക്ക് ആശുപത്രി തുടങ്ങിയവയുടെ കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായും ബജറ്റില്‍ ഉള്‍പ്പെട്ട ചാവക്കാട് പോലീസ് സ്റ്റേഷന്‍, പൂക്കോട് കുടുംബാരോഗ്യകേന്ദ്രം, ഗുരുവായൂര്‍ ആയുര്‍വ്വേദാശുപത്രി, ജി.യു.പി.എസ് ഗുരുവായൂര്‍, പുന്നയൂര്‍ സ്ക്കൂള്‍, ചാവക്കാട് വെറ്റിനറി ആശുപത്രി എന്നിവക്ക് സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എഞ്ചിനീയര്‍ യോഗത്തെ അറിയിക്കുകയുണ്ടായി.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ രാകേഷ് സി, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആന്‍റണി എന്‍.വി , കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന, വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍മാരായ നീലിമ എച്ച്.ജെ, അഡീഷണല്‍ ഇറിഗേഷന്‍ , മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ.ആര്‍.എഫ്.ബി, തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.