Tuesday, July 22, 2025

കര്‍ക്കടക വാവ്; പഞ്ചവടി വാ കടപ്പുറം ബലിതര്‍പ്പണത്തിനൊരുങ്ങി 

ചാവക്കാട്: കര്‍ക്കടക വാവിന്റെ ഭാഗമായി ബലിതര്‍പ്പണത്തിന് പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ സജ്ജീകരണം ഒരുക്കിയതായി  ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കര്‍ക്കടക വാവുദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും. ഒരേ സമയം ആയിരം പേര്‍ക്കു വരെ ബലിയിടാന്‍ സൗകര്യമുണ്ടാവും. രാവിലെ 10 വരെ ബലിയിടല്‍ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താന്‍ ഭക്തര്‍ക്ക് സൗകര്യമുണ്ടാവും. ബലിയിടാനെത്തുന്നവര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം,  വാഹന പാര്‍ക്കിങ് സൗകര്യം, ബലിയിടാനെത്തുന്നവരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സംവിധാനം എന്നിവ ഒരുക്കും. ബലിയിടാനെത്തുന്നവരുടെ സുരക്ഷക്കായി പോലീസ്, തീരദേശ പോലീസ്, ആംബുലന്‍സ്, തീരദേശ ജാഗ്രത സമിതി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാവും. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി, ജോയിന്റ് സെക്രട്ടറി കെ.എസ് ബാലന്‍,ക്ഷേത്രം എക്‌സിക്യുട്ടീവ് അംഗങ്ങളായ വിശ്വനാഥന്‍ വാക്കയില്‍, വാസു തറയില്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments