ഗുരുവായൂർ: ഭാവി തലമുറയെ നേർവഴിക്ക് നയിക്കേണ്ടവരും നടത്തേണ്ടവരുമാണ് ഇന്നത്തെ വിദ്യാർത്ഥികളെന്ന് എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാഞ്ചന ജി നായർ. ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശ്രദ്ധ, സ്നേഹം, ശുദ്ധി, അച്ചടക്കം, സമയനിഷ്ഠ, കഠിനാദ്ധ്വാനം എന്നിവയൊക്കെയാണ് ലക്ഷ്യബോധമുള്ള ഒരു വിദ്യാർത്ഥിയെ വിജയിയാക്കുന്നത്. സ്നേഹവും സന്തോഷവുമുള്ള ഒരു മനസ്സിനെ ഒരു ലഹരിയ്ക്കും കീഴ്പ്പെടുത്താനാവില്ല. ഭക്തിയും വായനയും നമ്മുടെ കാഴ്ചയേയും ചിന്തയേയും മനോഹരമാക്കുന്നതായും ഈ മനോഹാരിതയാണ് നമ്മുടെ വ്യക്തിത്വമെന്നും അവർ കൂട്ടിച്ചേർത്തു. സദനത്തിലെ വിദ്യാർത്ഥികൾക്ക് തൃശൂർ ചിറയിൻകീഴ് ഡോ.ജി.ഗംഗാധരൻ നായർ സ്മാരക സമിതിയുടെ ഉപഹാരങ്ങളും സമ്മാനിച്ചു. ഗുരുവായൂർ കസ്തൂർബ ബാലിക സദനത്തിൽ നടന്ന ചടങ്ങ് മുനിസിപ്പൽ കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പി. മുരളീധര കൈമൾ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം മുൻ പ്രിൻസിപ്പലും ജി ഗംഗാധരൻ നായർ സ്മാരക സമിതി സെക്രട്ടറിയുമായ കെ.യു കൃഷ്ണകുമാർ, സദനം സെക്രട്ടറി സജീവൻ നമ്പിയത്ത്, ആർ സ്നേഹം പ്രഭ, മേട്രന്‍ പി.വി സതീ, എം.ആർ രേവതി കെ.ആർ നിവേദ്യ എന്നിവർ സംസാരിച്ചു.