ചാവക്കാട്: ഗുരുവായൂർ നഗരത്തില ലോഡ്ജുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യ മാലിന്യം ടാങ്കർ ലോറി വഴി ചക്കംകണ്ടം പ്ലാന്റിലേക്ക് കൊണ്ടുവന്നു തള്ളുമെന്ന ഗുരുവായൂർ നഗരസഭ തീരുമാനത്തെ തള്ളിപ്പറഞ്ഞ ഗുരുവായൂർ എം.എൽ.എ വാക്കുപാലിക്കണമെന്ന് എസ്.ഡി.പിഐ ചാവക്കാട് മുൻസിപ്പൽ പ്രസിഡണ്ട് ഫാമിസ് അബൂബക്കർ ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭയിലെ 13-ാം വാർഡിലെ കൂടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയത്തിനധീതമായി ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ്
സി.പി.എം നേതൃത്വം നൽകുന്ന ഗുരുവായൂർ നഗരസഭയുടെ ജനവിരുദ്ധ നയത്തെ ഗുരുവായൂർ എം.എൽ.എക്ക് തന്നെ തള്ളിപറയേണ്ടി വന്നത്. ഇത് ജനകീയ പ്രതിഷേധങ്ങളുടെ വിജയമാണ്. ഗുരുവായൂരിൽ നിന്ന് ചെറിയതോടു വഴിയും വലിയതോടു വഴിയും മാലിന്യം ഒഴുക്കി ആ മാലിന്യം ചക്കം കണ്ടത്തു ചേരുമ്പോഴും അതിന്റെ ദുരന്തഫലം അനുഭവിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങളോട് എം.എൽ.എക്ക് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ജന വികാരം മനസിലാക്കാതെ സമനില തെറ്റിയ തീരുമാനങ്ങളുമായി ഗുരുവായൂർ നഗരസഭ മുന്നോട്ട് പോയാൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.