മാള: പണം കടം ചോദിച്ചത് നൽകാത്തതിലും വീടും സ്ഥലവും എഴുതി നൽകാത്തതിലുമുള്ള വൈരാഗ്യത്താൽ വയോധികയായ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. ആളൂർ മാള വഴി ദേശത്ത് കൈനാടത്തുപറമ്പ് സ്വദേശി ജെനിനെ(45)യാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. ആളൂർ മാള വഴി ദേശത്ത് കൈനാടത്തുപറമ്പിൽ വീട്ടിൽ മേരി (75)യേയാണ് ഇയാൾ ആക്രമിച്ചത്. മേരിയുടെ പേരിലുള്ള വീടും സ്ഥലവും ജെനിന് എഴുതി കൊടുക്കുവാൻ സമ്മതിക്കാതിരുന്നതിന്റെയും പണം കടം ചോദിച്ചത് നൽകാത്തതിന്റേയും വിരോധത്തിലാണ് ഇയാൾ അമ്മയെ ആക്രമിച്ചത്. മേരി താമസിച്ചിരുന്ന വീട്ടിൽ എത്തിയ ജെനിൻ, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കാലുകൊണ്ട് ചവിട്ടുകയും, ചൂരൽകൊണ്ട് കാലിൽ അടിക്കുകയും, മരത്തിന്റെ പട്ടികകൊണ്ടും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്തു. പട്ടികകൊണ്ടുള്ള മർദ്ദനത്തിൽ മേരിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞ ഇവർ ഇപ്പോൾ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സ്ഥിരം മദ്യപാനിയായ ജെനിൻ, ആളൂർ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ജെനിലിനെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കി. ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ ബി, ജൂനിയർ എസ് ഐ ജിഷ്ണു ജി, സബ്ബ് ഇൻസ്പെക്ടർ പ്രസന്നകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ആഷിക്, തുളസീകൃഷ്ണദാസ്, മന്നാസ്, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.