ഗുരുവായൂർ: ബി.ജെ.പി എന്താണ് ചെയ്യുന്നത് നോക്കി നടക്കാതെ യു.ഡി.എഫ് ജനകീയ വിഷയങ്ങളിൽ ഇടപെടണമെന്ന് ബി.ജെ.പി നേതാവും ഗുരുവായൂർ നഗരസഭ കൗൺസിലറുമായ ശോഭ ഹരിനാരായണൻ. ഏറ്റവുമധികം സുരക്ഷിത മേഖലയായിട്ടുള്ള ഗുരുവായൂരിൽ ഹോട്ടൽ അടിച്ച് തകർത്ത വിഷയത്തിൽ യു.ഡി.എഫ് മൗനം പാലിച്ചതായി അവർ ആരോപിച്ചു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മേൽപ്പാലത്തിൽ വിള്ളൽ വീണതിൽ ഒരക്ഷരവും യു.ഡി.എഫ് പ്രതികരിച്ചില്ല. ഹൈക്കോടതി നിരോധിത മേഖലകൾ ഏതാണെന്ന് യു.ഡി.എഫ് പഠിക്കണം. കേന്ദ്ര ഗവൺമെന്റിന്റെ അമൃത് പദ്ധതിയുടെ റോഡിലാണ് ബി.ജെ.പി ഇന്നലെ പ്രകടനം നടത്തിയതെന്നും ശോഭ ഹരിനാരായണൻ പറഞ്ഞു.
ഗുരുവായൂർ ഇന്നർ റിംഗ് റോഡിൽ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന ഹൈക്കാടതിവിധി നിലനിൽക്കെ ബി.ജെ.പി പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും നിയമം ലംഘിച്ചിവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ശോഭാ ഹരാനാരായണൻ്റെ പ്രതികരണം.