വെങ്കിടങ്ങ്: പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിൽ അട്ടിമറി നടന്നതായി എം.എസ്.എഫ് ആരോപണം. പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയാതായും പ്രതി സ്ഥാനത്തുള്ള അധ്യാപികയെ ഇത് വരെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ സംരക്ഷിക്കുന്നതായും എം.എസ്.എഫ് ആരോപിച്ചു. അലോട്ട് മെന്റിൽ സീറ്റ് ലഭിക്കേണ്ടവരെ രക്ഷിതാക്കളുടെയോ വിദ്യാർത്ഥികളുടെയോ അനുമതിയില്ലാതെ നോൺ ജോയിനിങ് നൽകി സൈറ്റിൽ നിന്ന് വെട്ടിമാറ്റുകയും പകരം മറ്റു വിദ്യാർത്ഥികളെ കമ്മ്യൂണിറ്റി ക്വാട്ടയിൽ തിരുകി കയറ്റുകയും ചെയ്തതായി ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. ഇത് മൂലം കമ്മ്യൂണിറ്റി ക്വട്ടക്ക് അർഹരായ നിരവധി വിദ്യാർത്ഥികൾക്കാണ് സീറ്റുകൾ നഷ്ടപെട്ടത്. കൂടാതെ സൈറ്റ് ഓപ്പൺ ചെയ്യാതെ നേരം വൈകിപ്പിച്ചത് മൂലം നിരവധി വിദ്യാർത്ഥികളുടെ അഡ്മിഷനെ സാരമായി ബാധിച്ചതായും എം.എസ്.എഫ് നേതാക്കൾ ആരോപിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഡിപ്പാർട്മെന്റിന്റെ ഭാഗത്ത് നിന്നും ഇത് വരെ പ്രതി സ്ഥാനത്തുള്ള ഹയർ സെക്കൻഡറി ഐ.ടി കോർഡിനേറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇതിന് പിന്നിൽ ഡിപ്പാർട്മെൻ്റിന്റെ ഒത്താശയുണ്ടെന്ന് സംശയിക്കുന്നതായും ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നതായും എം.എസ്.എഫ് ആരോപിച്ചു. ഇക്കാര്യത്തെ കുറിച്ച് പ്രിൻസിപ്പൽ ഇൻ ചാർജിനോട് വിവരങ്ങൾ തിരക്കിയെങ്കിലും കൃത്യമായി മറുപടി നൽകാൻ അവർക്കായിട്ടില്ല. അതിനാൽ എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകാനും തുടർ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽ റസിൻ’ എം.എസ്.എഫ് ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ, എം.എസ്.എഫ് ഹരിത സംസ്ഥാന കൺവീനർ എം.എ തമന്ന, ജില്ലാ പ്രവർത്തക സമിതിയഗം ഷാമിസ് അലി തങ്ങൾ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ബി.കെ സമീർ തങ്ങൾ, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി അഷ്ഫാഖ്, സി.യു സഫ്‌വാൻ, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ബാക്കിർ തങ്ങൾ, എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളായ എം.എ ത്വൽഹത്, ഇർഫാൻ ഷാജുദ്ധീൻ എന്നിവരാണ് സ്കൂളിൽ സന്ദർശനം നടത്തിയത്.