ഗുരുവായൂർ: അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദേശീയ പണിമുടക്കിൻ്റെ മറവിൽ സി.പി.എം പ്രവർത്തകർ അക്രമ പരമ്പര നടത്തിയത് പോലീസ് നിഷ്ക്രിയത്വം പാലിച്ചത് കൊണ്ടാണെന്ന ആരോപണവുമായി ബി.ജെ.പി. ഭക്തർക്കുപോലും മരണഭയമുണ്ടാക്കുന്ന തരത്തിലാണ് സി.പി.എം പ്രവർത്തകർ ഗുരുവായൂർ ക്ഷേത്രനഗരിയിൽ അഴിഞ്ഞാടിയതെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു. ക്ഷേത്രനഗരിയിൽ കുടിവെള്ളം പോലും കിട്ടാത്ത രീതിയിൽ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് ഹോട്ടലുകളടക്കം അടപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രപരിസരത്തെ സ്ഥാപനങ്ങൾ അക്രമിച്ച സി.പി.എം നടപടി പ്രതിഷേധാർഹമാണ്. ഭക്തരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സി.പി.എം അക്രമത്തിന് മുതിർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രനഗരിയിൽ അക്രമണ പരമ്പര നടത്തിയ മുഴുവൻ സി.പി.എം പ്രവർത്തകർക്കെതിരേയും ശക്തമായ നിയമ നടപടി പോലീസ് സ്വീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി ബി.ജെ.പി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.