വലപ്പാട്: ഭാര്യയുടെ സ്കൂട്ടർ കത്തിക്കുകയും ഭാര്യയെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വലപ്പാട് ബീച്ച് സ്വദേശി ചാഴു വീട്ടിൽ സുമേഷി(40)നേയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കുണ്ടായിരുന്ന പരസ്ത്രീ ബന്ധത്തെ ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ജൂൺ 13 ന് രാത്രി ഭാര്യ ഉപയോഗിക്കുന്ന സ്കൂട്ടർ ഇവരുടെ വീട്ടുമുറ്റത്ത് വെച്ച് സ്കൂട്ടറിൽ നിന്ന് തന്നെ പെട്രോൾ എടുത്ത് കത്തിക്കുകയും ഇത് കണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും, ഒരു സ്ത്രീ പീഡനക്കേസിലും അടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ് സുമേഷ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ രമേഷ്, എസ്.ഐ സദാശിവൻ, എ.എസ്.ഐ ഭരതനുണ്ണി, സീനിയർ സി.പി.ഒ പി.എസ് സോഷി എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.