ഗുരുവായൂർ: ഗുരുവായൂരിൽ ഈ വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യസം ആരംഭിച്ചു. ഇന്ന് രാവിലെ ഭദ്രദീപ പ്രകാശനത്തോടെയാണ് ആഭ്യാസം തുടങ്ങിയത്. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 12 മുതൽ ആരംഭിക്കും. കണ്ണ് സാധകം, കാൽ സാധകം, തീവട്ടം കുടയൽ, ചില്വാനം കാൽ സാധകം, പതിഞ്ഞ ഇരട്ടി വട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ഉഴിച്ചിലും അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, എന്നീ 4 കഥകളുടെ വിശദമായ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും നടക്കും. വൈകിട്ട് ആറുമണി മുതൽ നാമം ചൊല്ലൽ, സാധകം, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, ചെറിയ കുട്ടികൾക്ക് താളം പിടിക്കൽ, മുഖാഭിനയം എന്നിവപരിശീലിപ്പിക്കും. രാത്രി 8 മണി വരെയാണ് പരിശീലനം. വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകമായും പരിശീലനം നൽകും. 41 ദിവസമാണ് കച്ചകെട്ട് അഭ്യാസം. ജൂലൈ, ആഗസ്റ്റ് മാസത്തെ കച്ചകെട്ട് അഭ്യാസകാലം കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിക്കും.