Thursday, July 3, 2025

കെ ദാമോദരൻ്റെ ചിന്തകൾക്ക്  വർത്തമാനകാലത്തിൽ പ്രസക്തിയേറുന്നു: സി.എൻ ജയദേവൻ

ഗുരുവായൂർ: ജാതിയും മതങ്ങളും  ഏറെ സങ്കീർണ്ണതകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ  സമഭാവനയുടെ മാർക്സിറ്റ് ആശയങ്ങൾ നടപ്പിലാക്കാൻ കെ. ദാമോദരൻ ഉയർത്തിയ ചിന്തകൾ ഏറെ പ്രസക്തമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ. ഗുരുവായൂരിൽ കെ ദാമോദരൻ  അക്കാദമിയും സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി  സംഘടിപ്പിച്ച കെ ദാമോദരൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ദാമോദരൻ അക്കാദമി ചെയർമാൻ കെ.കെ വത്സരാജ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഈ വർഷത്തെ കെ ദാമോദരൻ പുരസ്കാരത്തിന് അർഹനായ  ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ‘ചേറ്റു പാഠം ‘ എന്ന കവിതാ  സമാഹാരത്തിന് പുരസ്കാരം  സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കെ ദാമോദരൻ 88 വർഷങ്ങൾക്ക് മുമ്പ് രചിച്ച പാട്ട ബാക്കി നാടകം പുന:രവതരിപ്പിച്ച സംവിധായകൻ ബാബു വൈലത്തൂരിനെ  ആദരിച്ചു.  സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ഇ.എം സതീശൻ  പുരസ്ക്കാര കൃതിയെ പരിചയപ്പെടുത്തി. ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം പ്രൊഫ. ഡോ. ബിജു ബാലകൃഷ്ണൻ  ആമുഖ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എം.കെ സുബ്രഹ്മണ്യൻ, സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.വി ശ്രീനിവാസൻ, അഡ്വ.പി മുഹമ്മദ്  ബഷീർ, കെ ദാമോദരൻ  അക്കാദമി സെക്രട്ടറി കെ.കെ സുധീരൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments