ഒരുമനയൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ഒരുമനയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി നടന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും ചൊല്ലി. ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.എം വിദ്യാസാഗർ പേ വിഷബാധക്കെതിരെയുള്ള കുത്തിവെപ്പിനെ കുറിച്ചും മാലിന്യ നിർമാർജനത്തെ കുറിച്ചും ക്ലാസെടുത്തു. പേ വിഷബാധക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാന അധ്യാപകൻ ജെയിൻ നേതൃത്വം നൽകി. ഒരുമനയൂർ മാങ്ങോട്ടുപടി യു.പി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന ടീച്ചർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുഷിജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാഷണൽ ഹുദ സെൻട്രൽ സ്കൂൾ, ഐഡിസി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂൾ ഒരുമനയൂർ, അമൃത വിദ്യാലയം ചാവക്കാട്, എ.എം എൽ.പി.എസ് ഒരുമനയൂർ എന്നിവിടങ്ങളിലും അസംബ്ലി കൂടി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. എം.എൽ.എസ്.പി നേഴ്സുമാരായ അഖില, റിൻസി എന്നിവർ നേതൃത്വം നൽകി.