ഗുരുവായൂർ: മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത വിഷയങ്ങളെക്കുറിച്ചും അറിവ് നൽകുന്ന പുസ്തകവായന പ്രതിസന്ധികളെ അതിജീവിക്കുവാൻ കരുത്തേകുമെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറുമായ അശോകൻ ചരുവിൽ. വായനയിൽ പ്രധാനം പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പാണ്. പരിമിതമായ ജീവിതത്തിൽ നമ്മെ ആഹ്ളാദിപ്പിക്കുന്ന ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പുതിയ ആശയങ്ങൾ നൽകുന്ന പുസ്തകങ്ങൾ വായനക്കായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം വായനദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.കല സജീവൻ,കവി ഡോ.ബിജു ബാലകൃഷ്ണൻ എന്നിവർ പ്രബന്ധം അവതരണം നിർവഹിച്ചു. പ്രൊഫ.എം. ഹരിദാസ് മോഡറേറ്ററായി. സെമിനാറിൽ പങ്കെടുത്തവർക്കും വായനദിനത്തിൻ്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന, പ്രശ്നോത്തരി മത്സരങ്ങളിൽ വിജയികളായവർക്കും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.