Thursday, June 12, 2025

വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

ഇരിങ്ങാലക്കുട: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതി പിടിയിൽ. സൊസൈറ്റി മുന്‍ ചെയര്‍മാൻ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടില്‍ സജീഷ് കുമാറാ (45) ണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് മടങ്ങിവന്ന ഇയാളെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയത്. മുന്‍ ചെയര്‍മാന്‍ സജീഷ് കുമാറിനും മറ്റു പ്രതികള്‍ക്കും എതിരെ 100 കണക്കിന് പേരുടെ പരാതിയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയതിന് ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് മുഖ്യപ്രതി പിടിയിലായത്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ നിക്ഷേപകരില്‍ നിന്നും പണം സ്വരൂപിച്ചത്. വല്ലച്ചിറ സ്വദേശിയില്‍ നിന്ന് 13,50,000 രൂപയും, തലോര്‍ സ്വദേശിയില്‍ നിന്ന് 1,00,000 രൂപയും, കോണത്തുകുന്ന് സ്വദേശിയില്‍ നിന്ന് 15,00,000 രൂപയും, ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് 5,50,000 രൂപയും ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി വാങ്ങിയതിനു ശേഷം പലിശ നല്‍കാതെയും നിക്ഷേപിച്ച പണം തിരികെ നല്‍കാതെയും തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികളില്‍ ഒരാളും സ്ഥാപനത്തിന്റ മാനേജരുമായ മുട്ടിത്തടി സ്വദേശിനി അറക്കല്‍ വീട്ടില്‍ ജീവലതയെ (39) ഇരിങ്ങാലക്കുട പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ തൃശൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട. കുട്ടനെല്ലൂര്‍ എന്നീ ബ്രാഞ്ചുകളിലായി 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കരുതുന്നത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ഷാജനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments