Saturday, May 31, 2025

ചാവക്കാട് നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം മെയ് 31ന്

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ  കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം മെയ് 31ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ ശുചിത്വ മേഖലയിൽ സമ്പൂർണ്ണ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ പണികഴിപ്പിച്ചിട്ടുള്ള കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി.ഗാർഹിക ജൈവമാലിന്യ സംസ്‌കരണ രംഗത്ത് ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത് വലിയ നേട്ടം ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും സമ്പൂർണ ജൈവ മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകൾ നഗരപ്രദേശങ്ങൾക്ക് അനിവാര്യമാണെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. നഗരസഭയുടെ പരപ്പിൽതാഴത്തുള്ള 50 സെന്റ് സ്ഥലത്ത് 5800 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയിൽ ദൈനംദിനം 3 മെട്രിക് ടൺ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ശേഷിയുള്ള വിൻ്ററോ കമ്പോസ്റ്റ് പ്ലാൻ്റാണ് 1 കോടി 15 ലക്ഷം രൂപ ചിലവിട്ട് നഗരസഭ പണികഴിപ്പിച്ചിട്ടുള്ളത്. വിന്ററോ കമ്പോസ്റ്റ് പ്ലാന്റിലൂടെ ജൈവമാലിന്യത്തെ തികച്ചും ശാസ്ത്രീയമായി സംസ്കരിച്ച് പോഷക സമൃദ്ധമായ ജൈവവളമാക്കുന്നതു വഴി കാർഷിക മേഖലയ്ക്ക് കൂടി സഹായകരമാകും. പുതിയ കേന്ദ്രീകൃത വിൻ്ററോ കമ്പോസ്റ്റ് പ്ലാന്റിന്റെ ഉത്ഘാടനം ശനിയാഴ്ച രാവിലെ 9.30 ന് തദ്ദേശ സ്വയംഭരണ-പാർലമെൻ്ററികാര്യ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും. ഗുരുവായൂർ എം.എൽ.എ  എൻ.കെ അക്ബർ അധ്യക്ഷത വഹിക്കും. ശുചിത്വ അംബാസിഡർ പി.ടി കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയാകും. വൈസ് ചെയർമാൻ കെ.കെ മുബാറക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, പ്രസന്ന രണദിവെ, അഡ്വ. എ.വി മുഹമ്മദ് അൻവർ, ബുഷ്റ ലത്തീഫ്, സെക്രട്ടറിഎം.എസ് ആകാശ്, ക്ലീൻ സിറ്റി മാനേജർ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ എം ഷെമീർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments