തൃശൂർ: മോദി സർക്കാർ നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശുർ നെഹ്റു യുവ കേന്ദ്ര ഓഫീസിന്റെ മുൻവശത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി എ പ്രസാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ പേര് മേരാ യുവഭാരത് എന്ന് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ചരിത്രത്തെയും ചരിത്രബിംബങ്ങളെയും സംഘപരിവാർ ഭയക്കുന്നതുകൊണ്ടാണന്നും ദേശീയ നേതാക്കൻമാരുടെ പേരുകൾ നീക്കം ചെയ്തും അതിപുരാതന നഗരങ്ങളുടെ പേര് മാറ്റിയും പാഠപുസ്തകങ്ങൾ തിരുത്തിയും ചരിത്രഹത്യ നടത്താനാണ് സംഘപരിവാറും മോദി സർക്കാരും ശ്രമിക്കുന്നതെന്നും എ പ്രസാദ് പറഞ്ഞു. കേന്ദ്രസർക്കാരിന്റ ചരിത്രഹത്യയെ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് കെ സുമേഷ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡൻ്റ് കെ സുരേഷ്, സംസ്കാരസാഹിതി ജില്ലാ സെക്രട്ടറി അനിൽ സാമ്രാട്ട്, കർഷ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഹരിത്ത് കല്ലുപാലം, സിവിൽ സ്റ്റേഷൻ ഡിവിഷൻ കൗൺസിലർ സുനിതാ വിനു, നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഡെൽജിൻ ഷാജു, ജനറൽ സെക്രട്ടറിമാരായ നിഖിൽ വടക്കൻ, ജെയിക്കോ കെ.കെ, ഷിനോജ് ഷാജു, ഷമീർ എം.എച്ച്, മണ്ഡലം പ്രസിഡന്റുമാരായ ശ്രീരാം ശ്രീധർ, ശിഹാബുദ്ദീൻ പി.എസ് എന്നിവർ സംസാരിച്ചു.
