തൃശൂർ: തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ സിവില്‍സ്റ്റേഷനില്‍ മെഡിക്കല്‍ കെയര്‍ സെന്റർ ആരംഭിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
നവീകരിച്ച മുലയൂട്ടൽ മുറിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എ.ഡി.എം ടി മുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ സജീവ് കുമാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കാനും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനും (ബേസിക് ഫസ്റ്റ് എയ്ഡ്) ലക്ഷ്യമാക്കിക്കൊണ്ട് ഡോക്ടറുടെ സേവനമുള്‍പ്പെടെ മെഡിക്കല്‍ കെയര്‍ സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെഡിക്കല്‍ കെയര്‍ സെന്റര്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കളക്ടറേറ്റാണ് തൃശ്ശൂര്‍ കളക്ടറേറ്റ്. മുന്‍കാലങ്ങളില്‍ സിവില്‍ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍, ജീവനക്കാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രഥമ ശുശ്രൂഷ ഉറപ്പ് വരുത്തുന്നതിനായി മെഡിക്കല്‍ കെയര്‍ സെന്റര്‍ സ്ഥാപിച്ചത്.
