പെരിഞ്ഞനം: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇരുമ്പുപൈപ്പ് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പെരിഞ്ഞനം സുജിത്ത് ജങ്ഷൻ സ്വദേശി കിഴക്കേടത്ത് ഹരിലാലി(33)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനത്തെ കൈകൊട്ടിക്കളി സംഘത്തിൽ കളിച്ചിരുന്ന ഹരിലാലിന്റെ മകളെ ഒഴിവാക്കിയ വിരോധത്താൽ കളിക്ക് ഉപയോഗിച്ചിരുന്ന ഡ്രസ് ഇയാൾ നശിപ്പിച്ചിരുന്നു.
ഇതിനെതിരേ സംഘാംഗങ്ങളായ പെരിഞ്ഞനം സുജിത്ത് ജങ്ഷനിൽ താമസിക്കുന്ന കരോലിൽ ലതയും അയൽവാസി ശ്രീലക്ഷ്മിയും പോലീസിൽ പരാതി നൽകി. ഈ കാരണത്താൽ ഹരിലാലും സഹോദരൻ വൈശാഖും ചേർന്ന് ലതയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് പരാതി.
ഹരിലാലിന്റെ പേരിൽ മതിലകം, കൊടുങ്ങല്ലൂർ, കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, വധശ്രമം, ഉൾപ്പെടെ 16 ക്രിമിനൽ കേസുകളുണ്ട്. കയ്പമംഗലം എസ്‌ഐമാരായ അബിലാഷ്, ഹരിഹരൻ, എഎസ്‌ഐ അൻവറുദ്ദീൻ, സിപിഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.