വാടാനപ്പള്ളി: സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തത് കൊണ്ടാണ് ബി.ജെ.പി പഴയ കോൺഗ്രസ് നേതാക്കളെ ദത്തെടുക്കാൻ ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ. മുരളീധരൻ. തളിക്കുളം സ്നേഹതീരം ബീച്ചിൽ നവീകരിച്ച പ്രിയദർശിനി സ്മാരക സമിതി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എടുത്തു പറയാൻ ആരുമില്ലാത്ത ബി.ജെ.പി, ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ ആത്മാക്കളെ ചാക്കിലാക്കാൻ ശ്രമിക്കുകയാണ്. ആദ്യം സർദാർ വല്ലഭായ് പട്ടേലിനെ സ്വന്തമാക്കാൻ ശ്രമിച്ചു. ആർ.എസ്.എസിനെ നിരോധിച്ച ആളാണ് പട്ടേൽ. പിന്നീട് ചേറ്റൂർ ശങ്കരൻ നായരെ സ്വന്തമാക്കാൻ ശ്രമിച്ചു. കെ. കരുണാകരന്റെ രാഷ്ടീയ ഗുരുവും തികഞ്ഞ മതനിരപേക്ഷ വാദിയുമായ വി.ആർ. കൃഷ്ണൻ എഴുത്തച്ഛനെ സ്വന്തമാക്കാൻ നോക്കുകയാണ്.
മക്കൾ രാഷ്ട്രീയം മാറിയാൽ ജീവിതകാലം മുഴുവൻ ചേർന്നുനിന്ന രാഷ്ട്രീയത്തിൽനിന്ന് പിതാവ് എങ്ങിനെയാണ് മാറിപ്പോകുന്നത്. കൃഷ്ണൻ എഴുത്തച്ഛൻ മരണം വരെ കോൺഗ്രസായി ജീവിച്ചയാളാണെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി തയാറാക്കുന്ന ചരിത്രത്തിൽ എല്ലാ സത്യങ്ങളും തലതിരിയും. ഗോഡ്സേ നായകനും, ഗാന്ധി വില്ലനുമാകുന്ന ചരിത്രമായിരിക്കും അത്. ഇത്തരം കപട ദേശീയ വാദങ്ങളെയും ചരിത്ര രചനകളെയും പ്രതിരോധിക്കാൻ ഗൗരവമുള്ള ചരിത്ര പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
പ്രിയദർശിനി സ്മാരക സമിതി ജനറൽ സെക്രട്ടറി ഗഫൂർ തളിക്കുളം, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ല ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, പി.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.
