ചേർപ്പ്: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി കഞ്ചാവ് വലിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 75 വർഷത്തെ കഠിന തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ. ചൊവ്വൂർ തണ്ടക്കാരൻ വീട്ടിൽ ശ്രീരാഗിനെയാണ് (25) തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ നമ്പർ-2 കോടതി ജഡ്ജി ജയ പ്രഭു ശിക്ഷിച്ചത്.
അതിജീവിതയെ എൽ.കെ.ജി പഠനകാലം മുതൽ വീട്ടിൽ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 2024ൽ ചേർപ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വി.എസ്. വിനീഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യം അന്വേഷിച്ച കേസിൽ ഇൻസ്പെക്ടർ സി.വി. ലൈജുമോനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ഗിരീഷ്, എസ്.സി.പി.ഒ സിന്റി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. സുനിത, അഡ്വ. ഋഷി ചന്ദ് എന്നിവർ ഹാജരായി. എ.എസ്.ഐ വിജയശ്രീ, സി.പി.ഒ അൻവർ എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.
