ഗുരുവായൂർ: വേൾഡ് യൂണിവേഴ്സിറ്റി ഓഫ് ഡിസൈനും സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്സും സംയുക്തമായി സംഘടിപ്പിച്ച ‘അന്വേഷണ 2025’ ഇന്റർനാഷണൽ പെർഫോമിംഗ് ആർട്സ് കോൺഫറൻസിൽ പഞ്ചരത്ന അഷ്ടപദി ശ്രദ്ധേയമായി. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളിയോഗം ആശാനായിരുന്ന സി സേതുമാധവൻ്റെ മകൾ സി സേതുലക്ഷ്മിയും ഗുരുവായൂർ ജ്യോതിദാസും ചേർന്ന് സമർപ്പിച്ച “ഹരിമേകരസം” എന്ന പ്രബന്ധാവതരണത്തിൻ്റെ ഭാഗമായാണ് പഞ്ചരത്ന അഷ്ടപദി അവതരിപ്പിച്ചത്.
ന്യൂഡൽഹി ത്രിവേണി കലാസംഗം വേദിയിൽ വിവിധ മേഖലകളിൽ പ്രബന്ധം അവതരിപ്പിച്ച ലോക പ്രമുഖരായ കലാകാരന്മാർക്കും സഹൃദയ സദസ്സിനും മുന്നിൽ അവതരിപ്പിച്ച പഞ്ചരത്ന അഷ്ടപതി നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റി. തികച്ചും ഭക്തിരസം പകരുന്നതായിരുന്നു ഗുരുവായൂർ ബാണിയിലുള്ള പഞ്ചരത്ന അഷ്ടപദി അവതരണമെന്ന് പ്രമുഖ നർത്തകി പ്രൊഫ. ഡോ.പരുൾ പുരോഹിത് വാട്സ് അഭിപ്രായപ്പെട്ടു. ഗുരുവായൂർ ജ്യോതിദാസിനോടൊപ്പം ഇടയ്ക്കയിൽ സതീഷ് പൊതുവാൾ, സി ഹരികൃഷ്ണൻ, സി സേതുലക്ഷ്മി, ആര്യ ജ്യോതിദാസ്, കൃഷ്ണദാസ് ഗുരുവായൂർ, കൃഷ്ണറാം ജ്യോതിദാസ് എന്നിവരും പഞ്ചരത്ന അഷ്ടപദിയിൽ പങ്കെടുത്തു.