പുന്നയൂർക്കുളം: വിക്ടർ ഹ്യൂഗോയുടെ ‘ലാ മിറാബ്‌ലെ’ എന്ന വിശ്രുത ഫ്രഞ്ച് നോവൽ ‘പാവങ്ങൾ’ എന്ന പേരിൽ നാലാപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ നൂറാം വാർഷികം നാലാപ്പാടന്റെ ജന്മനാടായ പുന്നയൂർക്കുളത്ത് നാളെ ആഘോഷിക്കും. കേരള സാഹിത്യ അക്കാദമിയും വന്നേരി കൾച്ചറൽ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10 ന് അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പുന്നയൂർക്കുളം കമല സുരയ്യ സ്മാരകത്തിലും പരിസരത്തുമാണ് അനുസ്മരണ ചടങ്ങുകൾ നടക്കുക. സുനിൽ പി ഇളയിടം, വി.കെ ശ്രീരാമൻ, അശോകൻ ചരുവിൽ, പി.കെ രാജശേഖരൻ, റഫീഖ് ഇബ്രാഹിം, എൻ.കെ അക്ബർ എം.എൽ.എ, കെ.വി അബ്ദുൾ ഖാദർ, സി.പി അബൂബക്കർ, ഡോ. രാജേഷ് കൃഷ്ണൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.