ഗുരുവായൂർ: ചക്കംകണ്ടം കായൽ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് സി.പി.ഐ തൈക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിദ്ധമായ ഗുരുവായൂരിന്റെ ടൂറിസം സാധ്യതകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ചക്കംകണ്ടം കായൽ ഉൾപ്പെടുന്ന പ്രദേശമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ഗുരുവായൂരിൽ വിനോദ ഉപാധി എന്ന നിലയിൽ യാതൊന്നും തന്നെ നിലവിലില്ല. കണ്ടൽക്കാടുകളും, ഇരുവശങ്ങളിലായി നിൽക്കുന്ന മത്സ്യകൃഷി ബണ്ടുകളും, തെങ്ങിൻതോപ്പുകളും, പക്ഷികളുമടങ്ങുന്ന ചക്കംകണ്ടം സഞ്ചാരികളുടെ മനം കവരാൻ കഴിയുന്ന സ്ഥലമാണ്. സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും ഈ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഗുരുവായൂരിന് ടൂറിസം മേഖലയിൽ സ്വന്തമായി ഒരു ഇടം നേടിയെടുക്കാൻ പദ്ധതി കൊണ്ടുവരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ഒമ്പത് അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി എ.എം ഷഫീറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി പി.ആർ വിനയനെയും തിരഞ്ഞെടുത്തു.