തൃശൂര്‍: പുലിപ്പല്ല് മാല കണ്ടെത്തിയതിനെ തുടര്‍ന്ന് റാപ്പര്‍ വേടനെതിരെ കേസെടുത്തതിനു പിന്നാലെ കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരാതി. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് എന്നുകാണിച്ചാണ് പരാതി നല്‍കിയത്. വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിമാണ് പരാതിക്കാരന്‍. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നൽകിയത്.
സുരേഷ് ഗോപി ചെയ്തത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.
പുലിപ്പല്ല് മാല കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. നിലവില്‍ ഇയാള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് പിടികൂടിയത്. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്.
ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. തുടര്‍ന്ന് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.തമിഴ്‌നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു.