ചാവക്കാട്: കൊച്ചിയിൽ നടന്ന കേരള ഫസ്റ്റ് ഓപ്പൺ നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ നേട്ടം കൊയ്ത് ചാവക്കാട് സ്വദേശികൾ. ചാവക്കാട് നഗരസഭ പതിനഞ്ചാം വാർഡ് കൗൺസിലർ കെ.വി ഷാനവാസ്, പാലയൂർ പണിക്ക വീട്ടിൽകാരക്കാട്ട് മുഹമ്മദ് ഷാഹിൻ എന്നിവരാണ് മെഡലുകൾ നേടി നാടിന് അഭിമാനമായത്. 40 പ്ലസ് കാറ്റഗറിയിൽ നടന്ന ട്രിപ്പിൾ ജംപിൽ കെ.വി ഷാനവാസ് സിൽവർ മെഡൽ നേടി. മുമ്പ് വഡോദരയിൽ നടന്ന അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷാനവാസ് ഇരട്ട മെഡൽ നേട്ടം കൈവരിച്ചിരുന്നു. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണവും 400 മീറ്റർ ഹർഡിൽസിൽ വെള്ളിയുമായിരുന്നു അന്ന് നേടിയത്. 2019ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാനവാസ് പങ്കെടുത്തിട്ടുണ്ട്.
മുഹമ്മദ് ഷാഹിൻ ഇരട്ട മെഡലുകളാണ് കരസ്ഥമാക്കിയത്.45 പ്ലസ് കാറ്റഗറിയിൽ നടന്ന ട്രിപ്പിൾ ജമ്പിലും ലോങ്ങ് ജമ്പിലുമായിരുന്നു മുഹമ്മദ് ഷാഹി ൻ്റെ വെങ്കല മെഡൽ നേട്ടം. മുൻ ലോങ്ങ് ജമ്പ്, ഹൈജമ്പ് ദേശീയ താരവും 96-97സംസ്ഥാന സ്കൂൾ കായിക മേളയിലെ ഹൈജമ്പ് റെക്കോർഡ് ഹോൾഡറും ലോങ്ങ്ജമ്പ് വിന്നറുമാണ് മുഹമ്മദ് ഷാഹിൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി അമേച്വർ, കോളേജ് ഗെയിംസ്, വി.എച്ച്.എസ്.സി സ്റ്റേറ്റ് മീറ്റ് റെക്കോർഡ് ഹോൾഡറുമാണ്.