ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാർഡ് മുനക്കകടവ് അഴിമുഖത്ത് വീണ്ടും അനധികൃത മണലെടുപ്പിന് നീക്കം. അനധികൃത മണലെടുപ്പിനെതിരെ മുനക്കകടവ് ഫിഷ് ലാൻ്റിംഗ് സെൻ്റർ ലേബർ യൂണിയൻ കോർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഈ പ്രദേശത്തു നിന്ന് മണൽ എടുക്കുന്നപക്ഷം പുഴയുടെ തീരം ഇടിയുകയും ഈ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുകയും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നാരോപിച്ചാണ് കോർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കൂടാതെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇത് ഇടക്കുമെന്നും കോഡിനേഷൻ കമ്മിറ്റി ആരോപിച്ചു. മുനക്കക്കാവ് കോസ്റ്റൽ പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് നിന്ന് ചേറ്റുവ പുഴയുടെ തീരത്തിനോട് ചേർന്നാണ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ അനധികൃതമായി മണലെടുക്കുന്നത്. മുമ്പ് ഈ പ്രദേശത്ത് നിന്ന് മണലെടുക്കുവാനുള്ള നീക്കം മുനക്കകടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ ലേബർ യൂണിയൻ കോർഡിനേഷൻ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ കളക്ടർ മണ്ണെടുപ്പ് നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വീണ്ടും അനധികൃത മണലെടുപ്പ് നടത്താൻ ഒരുങ്ങുന്നത്. മണലെടുക്കുന്നതിനായുള്ള ബോട്ടുകളും യന്ത്ര സാമഗ്രികളും എത്തി കഴിഞ്ഞു. ഈ പ്രദേശത്തു നിന്ന് അനധികൃതമായി മണലെടുക്കുന്ന പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് മുനക്കകടവ് ഫിഷ് ലാൻ്റിംഗ് സെൻ്റർ ലേബർ യൂണിയൻ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.