വാടാനപ്പള്ളി: കണ്ടക്ടർ ജോലിയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ യുവാവ് വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടി. വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ വീട്ടിൽ പ്രഭു(31)വിനെയാണ് വാടാനപ്പള്ളി എക്സൈസ് ഓഫീസർ വി.ജി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി പൊതികളിലായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായിരുന്നു ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്, പ്രിവൻ്റീവ് ഓഫീസർ കെ.കെ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ മധു, ടി.കെ അബ്ദുൽ നിയാസ്, ഇ.ജി സുമി, ഡ്രൈവർ വി രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ലഹരി വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വാടാനപ്പള്ളി എക്സൈസ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നാട്ടിക എ.കെ.ജി കോളനിയിലെ മേലെ ചെറുവിള സൂരജിന്റെ വീടിന് പുറകിൽ നിന്നും നട്ടുവളർത്തിയിരുന്ന 11 കഞ്ചാവ് ചെടികൾ കണ്ടെടുത്തിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി എക്സൈസ് സംഘം അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്. ലഹരി മാഫിയ സംഘടനകളെ കണ്ടെത്താൻ മേഖലയിൽ പരിശോധന ശക്തമാക്കുന്ന എക്സൈസ് അധികൃതർ അറിയിച്ചു.