ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജിദ്ദ സന്ദര്‍ശന വേളയില്‍ സഊദി കിരീടാവകാശി മുഹമ്മദ്ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നഷ്ടമായ ഹജ്ജ് ക്വാട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2024-ല്‍ 126,000 ആയിരുന്ന ഇന്ത്യ ഹജ്ജ് ക്വാട്ട 2025-ല്‍ 175,000 ആയി വര്‍ദ്ധിപ്പിച്ചെങ്കിലും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിച്ച് നല്‍കിയ 52000 സീറ്റുകളില്‍ 10000 സീറ്റുകളില്‍ മാത്രമാണ് ഇതുവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇത് നേരത്തെ പണം അടച്ചു ഹജ്ജിനായി കാത്തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായി. ഇന്ത്യന്‍ ഹജ്ജ് മിഷ്ന്‍ന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയനാണെന്ന വിവരം പുറത്തുവന്നതോടെ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരും, ജമ്മുകശ്മീര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാരും വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ഇതേ തുടര്‍ന്നാണ് വിഷയം കിരീടാവകാശിയുമായി പ്രധാന മന്ത്രി ചര്‍ച്ച ചെയ്യുന്നത്.