ചാവക്കാട്: ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കി നാടെങ്ങും ഈസ്റ്റർ ആഘോഷം. പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുനാൾ ഭക്തിപ്പൂർവ്വം ആഘോഷിച്ചു. ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. തീർത്ഥ കേന്ദ്രത്തിന്റെ മുഖ്യ കവാടത്തിൽ ഒരുക്കിയ ബലിപീഠത്തിൽ നിന്നും ഉയിർപ്പ് തിരുനാൾ തിരുകർമങ്ങൾ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്കും, മറ്റു തിരുക്കർമങ്ങൾക്കും തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നിർവഹിച്ചു. സെന്റ്. ഫ്രാൻസിസ് ആശ്രമം സുപ്പീരിയർ റവ. ഫാ. അഗസ്റ്റിൻ ടി.ഒ.ആർ, സെന്റ്. ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. മാനുവൽ ടി.ഒ.ആർ, അസി. വികാരി റവ. ഫാ ക്ലിന്റ് പാണെങ്ങാടൻ എന്നിവർ സന്നിഹിതരായിരുന്നു. യൂത്ത് സി.എൽ.സി പാലയൂർ ഉയിർപ്പിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയും, ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് ദേവാലയ അങ്കണത്തിൽ നിന്നും പ്രദക്ഷണവും ഉണ്ടായിരുന്നു. ദേവാലയത്തിലെ എല്ലാ തിരുകർമങ്ങൾക്കും ശേഷം അൻപത് നോമ്പിന്റെ സമാപനം കുറിച്ചു കൊണ്ട് എത്തിച്ചേർന്ന എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കി. ഇടവക ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി.എ, സേവ്യർ വാകയിൽ, റവ.സിസ്റ്റർ ടെസ്ലിൻ എസ്.എ.ബി.എസ്, സെക്രട്ടറിമരായ ബിജു മുട്ടത്ത്, ബിനു താണിക്കൽ, പി.ആർ.ഒ ജെഫിൻ ജോണി, ഇ.പി.എൽ ലോറൻസ്, സിമി ഫ്രാൻസിസ്, പാലയൂർ മഹാശ്ലീഹ മീഡിയ ടീം, എന്നിവർ നേതൃത്വം നൽകി.
