ചാവക്കാട്: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി ഗുരുവായൂര്‍ നിയോജക മണ്ഡലം തല വിജ്ഞാന കൗണ്‍സില്‍ യോഗം ചേർന്നു. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിൽ എന്‍.കെ അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ഗുരുവായൂര്‍ , ചാവക്കാട് നഗരസഭയിലെയും ആറ് ഗ്രാമപഞ്ചായത്തുകളിലെയും ചാവക്കാട് , തളിക്കുളം ബ്ലോക്ക് പഞ്ചായത്തുകളിലെയും അദ്ധ്യക്ഷര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ വിജ്ഞാന കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 26 ന് തൃശൂരില്‍ വെച്ച് സംഘടിപ്പിക്കുന്ന ജോബ് ഫെയറിലേക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും നഗരസഭയില്‍ നിന്നും തൊഴിലന്വേഷകരെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും വാര്‍ഡ് തലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരെ പ്രയോജനപ്പെടുത്തി രജിസ്ട്രേഷന്‍ നടപടികളും തൊഴിലിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന നടപടികളും സ്വീകരിച്ചുവരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും നഗരസഭ ചെയര്‍പേഴ്സണ്‍മാരും യോഗത്തില്‍ അറിയിച്ചു. മണ്ഡലത്തില്‍ നിന്നും കുറഞ്ഞത് 4000 പേരെയെങ്കിലും ജോബ്ഫെയറിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എം.എല്‍.എ തദ്ദേശസ്വയംഭരണ അദ്ധ്യക്ഷര്‍ക്ക് നിര്‍ദ്ദേശം നല്‍കി . പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ പ്രയോജനപ്പെടുത്തി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് തൊഴിലന്വേഷകരെ തൊഴില്‍മേളയിലേക്ക് എത്തിക്കാവുന്നതാണെന്നും ആയതിന്‍റെ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വഹിക്കാവുന്നതാണെന്നും ജില്ലാ കോഡിനേറ്റര്‍ യോഗത്തെ അറിയിച്ചു. പട്ടികജാതിക്കാരുടെയും മത്സ്യതൊഴിലാളികളുടെയും ഇടയില്‍ ജോബ് ഫെയര്‍ സംബന്ധിച്ച് പ്രത്യേക രജിസ്ട്രേഷന്‍ നടത്തി തൊഴില്‍ മേളയില്‍ പങ്കെടുപ്പിക്കുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും ഇംഗ്ലീഷ് ഭാഷ നൈപുണ്യത്തിനുമായി ഗ്രാമപഞ്ചായത്ത് തലത്തിലും നഗരസഭ തലത്തിലും പ്രത്യേക ഓറിയന്‍റേഷന്‍ ക്ലാസ്സുകള്‍ നേരിട്ടും ഓണ്‍ലൈനായും നടത്തുന്നതിന് ഫെസിലിറ്റേറ്റര്‍മാരെ നിയോഗിച്ചിട്ടുള്ളതായും ജോബ് ഫെയറില്‍ പങ്കെടുക്കുന്നവര്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണതലത്തില്‍ ഉണ്ടാകണമെന്നും ജില്ലാ കോഡിനേറ്റര്‍ ജ്യോതിഷ്കുമാര്‍ യോഗത്തെ അറിയിച്ചു. തൊഴില്‍ മേള സംബന്ധിച്ച വിശദവിവരങ്ങള്‍ ജില്ലാ പ്ലാനിംഗ് ബോര്‍ജ് എസ്.ആര്‍.ജി അംഗമായ അനൂപ് കിഷോര്‍ വിജ്ഞാന കൗണ്‍സിലില്‍ വിശദീകരിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നഫീസക്കുട്ടി വലിയകത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.വി സുരേന്ദ്രന്‍, ബിന്ദു സുരേഷ്, ജാസ്മിന്‍ ഷഹീര്‍, എന്‍.എം.കെ നബീല്‍, വിജിത സന്തോഷ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, തൊഴില്‍മേളയുമായി ബന്ധപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.