Wednesday, April 16, 2025

പുന്നയൂർക്കുളം പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണം; എം.എൽ.എയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പുന്നയൂര്‍ക്കുളം : പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്‍.കെ അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. നിലവില്‍ ബജറ്റില്‍ വകയിരുത്തിയ 4.5 കോടി രൂപ വിനിയോഗിച്ച് അരക്കിലോമീറ്റര്‍ ദൂരത്തിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതെന്നും കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ പ്രത്യേകമായി നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശം ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എം.എല്‍.എ യോഗത്തിൽ വ്യക്തമാക്കി. മറ്റുള്ള പ്രദേശത്ത് കൂടി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടം എന്ന നിലയിലാണ് 500 മീറ്റര്‍ വരുന്ന പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതെന്നും കടലാക്രമണ ഭീഷണി നേരിടുന്ന ബാക്കിയുള്ള പ്രദേശത്ത് കൂടി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്നും എം.എല്‍.എ യോഗത്തെ അറിയിച്ചു. നിലവിലെ പ്രവര്‍ത്തി നടപ്പിലാക്കാനും മറ്റ് പ്രദേശത്തേക്ക് കൂടി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ നല്‍കാനും യോഗത്തില്‍  ധാരണയായി. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മഴവെള്ളം കടലിലേക്ക് ഒഴുകി പോകുന്ന അറപ്പതോടുള്ള പ്രദേശത്ത് സ്ലൂയിസ് ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക പരിശോധന നടത്താന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. അണ്ടത്തോട് നടന്ന യോഗത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ഡി ധനീപ്, കോണ്‍ഗ്രസ്സ്  പ്രതിനിധികളായ എന്‍.ആര്‍ ഗഫൂര്‍, എ.എം അലാവുദ്ദീന്‍, ലീഗ് പ്രതിനിധി എ.കെ മൊയ്തുണ്ണി, ജനപ്രതിനിധികളായ കെ.എച്ച് ആബിദ്, ബുഷറ നൗഷാദ്, ഷാനിബ മൊയ്തുണ്ണി, പി.എസ് അലി, മൂസ ആലത്തയില്‍, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സീത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments