അരൂർ(ആലപ്പുഴ): വിഷുക്കണിയുടെ മറവിൽ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് അപഹരിച്ചത് 20 പവനോളം തിരുവാഭരണങ്ങൾ. വിഷുദിനത്തിലാണ് സംഭവം. വിശേഷ ദിവസങ്ങളിൽ ചാർത്തുന്ന 10 പവന്റെ മാല, മൂന്നര പവൻ വരുന്ന കിരീടം, രണ്ട് നെക്ലേസുകൾ എന്നിവയാണ് കാണാതായത്. ദേവസ്വം സെക്രട്ടറി ടി.ആർ. മോഹനകൃഷ്ണന്റെ പരാതിയിൽ അരൂർ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൂന്നുമാസമായി ക്ഷേത്രത്തിൽ സഹ പൂജാരിയായി ജോലിനോക്കി വന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസിൽ രാമചന്ദ്രൻ പോറ്റി (40) യെ സംഭവത്തെ തുടർന്ന് കാണാതായിട്ടുണ്ട്.
2024 ഡിസംബർ അവസാനമാണ് നിലവിലെ മേൽശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവു ചുമതലയേറ്റത്. മൂന്നുമാസം മുൻപ് രാമചന്ദ്രൻ പോറ്റിയെ സഹായിയായി എത്തിച്ചു. സ്വകാര്യ ആവശ്യം പറഞ്ഞ് ഏപ്രിൽ ഒന്നുമുതൽ പത്തുവരെ മേൽശാന്തിയായ ശങ്കരനാരായാണ റാവു ലീവെടുത്തു. അതിനുശേഷവും ഇദ്ദേഹം ചുമതല ഏൽക്കാത്തതിനാൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. മേൽശാന്തി ലീവിൽ പോയ സമയം രാമചന്ദ്രൻ പോറ്റിയാണ് പൂജയ്ക്ക് നേതൃത്വം നൽകിയിരുന്നത്.
വിഷുദിനത്തിൽ പുലർച്ചെ നാലിന് കണിദർശനത്തിനായി നട തുറക്കണം. പുലർച്ചെ ഒന്നോടെ അലങ്കാരം ആരംഭിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. അതിനാൽ ഞായറാഴ്ച രാത്രിതന്നെ ആഭരണങ്ങൾ പൂജാരിയായ രാമചന്ദ്രൻ പോറ്റിക്ക് കൈമാറി. ഉച്ചപ്പൂജയ്ക്കുശേഷം ആഭരണങ്ങൾ കൈമാറണമെന്ന് പറഞ്ഞുവെങ്കിലും അതുണ്ടായില്ല. പിന്നീട് വൈകീട്ട് മറ്റൊരു പൂജാരി ശ്രീലാലാണ് രാമചന്ദ്രൻ പോറ്റിയുടെ അഭാവത്തിൽ നട തുറന്നത്. പിന്നീടാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. രാത്രി എട്ടോടെയാണ് ക്ഷേത്രം ഭാരവാഹികൾ അരൂർ പോലീസിൽ പരാതി നൽകുന്നത്. നിലവിൽ രാമചന്ദ്രൻ പോറ്റിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചൊവ്വാഴ്ച മേൽശാന്തി ശങ്കരനാരായണ റാവുവിനെ വിളിച്ചുവരുത്തി അരൂർ പോലീസ് ചോദ്യം ചെയ്തു.