വടക്കേക്കാട്: കരിച്ചാൽ കടവ് സ്ലൂയിസ് കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി എൻ.കെ അക്ബർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. കർഷകരുടെ ആശങ്കകൾ കേട്ട ശേഷം കരാർ ഉദ്യോഗസ്ഥരോട് സമയ പരിധിക്കുളിൽ നിർമാണ പ്രവർത്തികൾ ചെയ്തു തീർക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. ഗുരുവായൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെ വടക്കേക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് കരിച്ചാൽ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്. 18 വര്‍ഷങ്ങൾക്ക് മുമ്പാണ് പാലം പണി ആരംഭിച്ചത്. പഴയ കരാറുകാരന്‍ പണി ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് നിലമ്പൂര്‍ എ.ബി.എം ഫോര്‍ ബിൽഡേഴ്സ് എന്ന കമ്പനി പണി ഏറ്റെടുത്തത്. 9 മാസത്തിനകം നിർമാണം പൂര്‍ത്തിയാക്കാനാണ് നിർദ്ദേശം. കോള്‍പാടത്ത് നൂറടി തോടിനു കുറുകെ 46 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ വീതിയിലുമാണ് പാലവും ചെക്ക് ഡാമും പണിയുന്നത്. 9.20 മീറ്റര്‍ നീളത്തില്‍ 5 സ്പാനുകളിലായാണ് നിര്‍മാണം. ഇതിനു പുറമെ പാലത്തിന്റെ ഇരുവശത്തുമായി 110 മീറ്റര്‍ റോഡും നിര്‍മിക്കും. 2.50 മീറ്റര്‍ ഉയരമുള്ള പാലത്തിലെ ചെക്ക് ഡാമില്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നതിനായി എഫ്.ആര്‍.പി ഷട്ടറുകളാണ് ഉപയോഗിക്കുക. 130 ഓളം തെങ്ങിൻതടികൾ ഉപയോഗിച്ച് തടയണ കെട്ടിയാണ് താല്‍ക്കാലിക തടയണ നിര്‍മാണം ആരംഭിച്ചത്. തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടത് കാരണവും പണികൾ തടസപ്പെടാതിരിക്കാനും കർഷകർ കഴിഞ്ഞ വർഷം തെക്കേതൊടി പാടശേഖര സമിതി കൃഷി ഇറക്കിയിരുന്നില്ല.
2005 ല്‍ ഇവിടെ പാലം നിര്‍മാണം തുടങ്ങിയെങ്കിലും വൈകാതെ നിര്‍ത്തി. പിന്നീട് 10 കോടി രൂപ ചെലവില്‍ പാലവും തടയണയും പണിയാന്‍ പദ്ധതിയായി. 2018 ഡിസംബറില്‍ വീണ്ടും നിര്‍മാണം ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലച്ചു. ചെക്ക് ഡാമിനുള്ള 920 കോണ്‍ക്രീറ്റ് പ്രീ കാസ്റ്റ് കോണ്‍ക്രീറ്റ് കാലുകൾ നിര്‍മാണമായിരുന്നു പ്രധാനമായി നടന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 9.5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ടായിരുന്നത്. മുന്‍ കാരാറുകാരന്‍ നടത്തിയ പണികളുടെ തുക കിഴിച്ച് 8.55 കോടി രൂപക്കാണ് പുതിയ കരാര്‍. പദ്ധതി പൂര്‍ത്തിയായാല്‍ വെട്ടിക്കടവ് മുതല്‍ കരിച്ചാല്‍ കടവ് വരെയുള്ള 1100 ഏക്കര്‍ പുഞ്ചകൃഷിക്കും പ്രയോജനമാകും. ചമ്മന്നൂർ താഴം തെക്കേതൊടി പടവ് കമ്മറ്റി സെക്രട്ടറി മുഹമ്മദാലി വാക്കയിൽ, പ്രസിഡണ്ട് യൂസഫ് മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗം അറക്കൽ മുജീബ്, പരൂർ പടവ് കമ്മിറ്റി അംഗം ഹസ്സൻ തളികശ്ശേരി, അബ്ദുൽ റസാഖ്, പുന്നയൂർക്കുളം കൃഷിഭവൻ ഓഫീസർ ഡോക്ടർ തെരേസ അലക്സ്, അസിസ്റ്റന്റ് കൃഷിഭവൻ ഓഫീസർ മുഹമ്മദ് നൗഫൽ തുടങ്ങിയവരും ഉണ്ടായിരുന്നു.