കുന്നംകുളം: ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടിച്ച ലോറി നിർത്താതെ പോയി. പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെ പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. വിദ്യാർത്ഥികൾ പെട്രോൾ നിറക്കാനായി ബൈക്ക് പമ്പിലേക്ക് തിരിക്കുന്നതിനിടയിൽ പുറകിൽ വന്ന ലോറിയുടെ പുറകുവശം ബൈക്കി തട്ടി. ഇതോടെ ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ തൊട്ടടുത്ത അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ (17) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗതമിൻ്റെ മൃതതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. കോക്കൂർ സ്ക്കൂൾ പ്ലസ്റ്റു വിദ്യാർത്ഥിയാണ് ഗൗതം. മാതാവ്: രജില. സഹോദരങ്ങൾ: വൈഗ, ഭഗത്.