Sunday, April 13, 2025

ഓശാന തിരുനാൾ; പാലയൂരിൽ തിരുകർമങ്ങൾ നടന്നു

ചാവക്കാട്: വിനയത്തിന്റെയും എളിമയുടെയും മാതൃകയുമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈകളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയിൽ പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഓശാന തിരുനാൾ ആചരിച്ചു. ചടങ്ങുകളുടെ ഭാഗമായി കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ഓർസ്ലം നഗരികളെ അനുസ്മരിപ്പിക്കും വിധം യഹൂദ വേഷം ധരിച്ച് കൈകളിൽ കുരുത്തോലകൾ ഏന്തി നൃത്ത ചുവടുകളോടെ രാജാധിരാജനെ വരവേറ്റു. നൃത്ത ചുവടുകൾക്ക്  സി.എൽ.സി പാലയൂരും ഇടവകയിലെ കൊച്ചു കുട്ടികളും നേതൃത്വം നൽകി. ഓശാന ഞായർ തിരുക്കർമങ്ങൾക്കും ദിവ്യബലിക്കും തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമ്മികത്വം നൽകി. ഓശാന ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും. ഇന്ന് തീർത്ഥകേന്ദ്രത്തിൽ മുപ്പെട്ട് ഞായർ തിരുന്നാളിന്റെ ഭാഗമായി  വൈകീട്ട് 3മണിക്ക് തളിയകുളകരയിൽ സമൂഹ മാമോദീസ ഉണ്ടായിരിക്കും. അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ വ്യാഴാഴ്ച രാവിലെ 7 മണിക്ക് പെസഹ ദിനം ആചരിക്കും. തീർത്ഥകേന്ദ്രത്തിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കൽ ശുശ്രുഷകളും നടക്കും.അന്നേ ദിവസം ദിവ്യകാരുണ്യ ആരാധനയും വൈകീട്ട് 7 മണിക്ക് പൊതു ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുകർമങ്ങൾക്കു തീർത്ഥകേന്ദ്രം  അസി വികാരി ഫാ.ക്ലിന്റ് പാണേങ്ങാടൻ, ഇടവക ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, സേവ്യർ വാകയിൽ,   തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, വിശുദ്ധവാര കമ്മിറ്റി അംഗങ്ങളായ ലോറൻസ് പി എൽ, തോമസ് വാകയിൽ, , സിമി ഫ്രാൻസിസ്, ഡാർളി ജെയിംസ്,  പാലയൂർ മഹാസ്ലീഹ മീഡിയസെൽ അംഗങ്ങളായ ആൽബിൻ തോമസ്, ആൽബിൻ ബാബു എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments